ഇലക്ട്രിക്ക് പവറിനെയും സിഗ്നലുളേയും ആംപ്ലിഫൈ ചെയ്യുന്നതിനോ സ്വിച്ചുചെയ്യുന്നതിനോ ഉപയോഗിക്കുന്ന ഒരു അർദ്ധചാലക ഉപകരണമാണ് ട്രാൻസിസ്റ്റർ.  ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളിലൊന്നാണിത്. ഇവയ്ക്ക് സാധാരണയായി മൂന്ന് ടെർമിനലുകളാണ് ഉള്ളത്. ജേർമേനിയം അല്ലെങ്കിൽ സിലോക്കൊൺ എന്നീ അർദ്ധ ചാലകങ്ങൾ ആണ് ഇവയുടെ അടിസ്ഥാന ഘടകം.

ഒരു ട്രാൻസിസ്റ്ററിന് ഇലക്ട്രോണിക് സിഗ്നലുകളുടെ സ്വിച്ച് അല്ലെങ്കിൽ ഗേറ്റ് ആയി പ്രവർത്തിക്കാൻ കഴിയും.  അതായത് ഇലക്ട്രോണിക് സർക്യൂട്ടുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുന്ന ഇലക്ട്രോണിക് സ്വിച്ചുകളായി ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു.


ട്രാൻസിസ്റ്ററുകൾ NPN, PNP ട്രാൻസിസ്റ്ററുകൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.  എൻപിഎൻ ട്രാൻസിസ്റ്ററിൽ പി-ടൈപ്പിൻ്റെ നേർത്ത പാളിയാൽ വേർതിരിച്ച രണ്ട് എൻ-ടൈപ്പ് അർദ്ധചാലക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇതിന് വിപരീതമായി, PNP ട്രാൻസിസ്റ്ററിൽ n-ടൈപ്പിൻ്റെ നേർത്ത പാളിയാൽ വേർതിരിച്ചിരിക്കുന്ന രണ്ട് p-തരം അർദ്ധചാലകങ്ങൾ അടങ്ങിയിരിക്കുന്നു.

ആധുനിക വാഹനങ്ങളിൽ എഞ്ചിൻ നിയന്ത്രണത്തിനായും, ഇലക്ട്രിക് ഡ്രൈവുകൾക്കുള്ള പവർ ഇൻവെർട്ടറുകൾക്കായും, പവർ വിൻഡോകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് സിസ്റ്റങ്ങൾ എന്നിവയിലും ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു. ഇവ ഇലക്ട്രിക് വാഹന വിപണിയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്.