ഒരു ഇലക്ട്രിക്കൽ സർക്യൂട്ടിൽ അമിത കറണ്ട് ഫ്ലോയോ ഷോർട്ട് സർക്യൂട്ടോ കാരണമായുണ്ടാകുന്ന അപകടങ്ങളിൽ നിന്നും സർക്യൂട്ടിനെയും ഉപകരണങ്ങളെയും സംരക്ഷിക്കുവാനായി ഉപയോഗിക്കിന്ന സംവിധാനം ആണ് ട്രിപ്പ് സ്വിച്ചുകൾ. ഇവ വൈദ്യുത സർക്യൂട്ട് സ്വയമേവ സ്വിച്ച് ഓഫ് ചെയ്യുന്ന തരത്തിലുള്ള ഒരു ഇലക്ട്രിക്കൽ സ്വിച്ചാണ്. ഓവർലോഡ്, അമിത വൈദ്യുതി പ്രവാഹം തുടങ്ങിയ സന്ദർഭങ്ങളിൽ ഇവ സ്വയം പ്രവർത്തിച്ച് അപകട സാധ്യത കുറക്കുന്നു.



ഇവയിലൂടെ തുടർച്ചയായ ഓവർകറൻ്റ് പ്രവഹിക്കുമ്പോൾ ബൈമെറ്റാലിക് സ്ട്രിപ്പ് ചൂടാവുകയും വളയുകയും ചെയ്യുന്നു.  ബൈ-മെറ്റാലിക് സ്ട്രിപ്പിൻ്റെ ഈ വ്യതിചലനം ഒരു മെക്കാനിക്കൽ ലാച്ചിനെ പ്രവർത്തിപ്പിക്കുന്നു.

 ഈ മെക്കാനിക്കൽ ലാച്ച് ഓപ്പറേറ്റിംഗ് മെക്കാനിസത്തിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ, മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ കോൺടാക്റ്റുകൾ തുറക്കാൻ ഇത് കാരണമാകുന്നു, ഇങ്ങനെ ട്രിപ്പ് സ്വിച്ച് ഓഫുചെയ്യുകയും അതുവഴി സർക്യൂട്ടിലെ വൈദ്യുത പ്രവാഹം നിലക്കുകയും ചെയ്യുന്നു.  വൈദ്യുത പ്രവാഹം പുനരാരംഭിക്കുന്നതിന് ട്രിപ്പ്‌ സ്വിച്ചിനെ വീണ്ടും ഓൺ ചെയ്യണം.


വാഹനങ്ങളിൽ ചില സന്ദർഭങ്ങളിൽ ഉയർന്ന വോൾട്ടത ആവശ്യമായി വരാറുണ്ട്. ഇങ്ങനെ 12 അല്ലെങ്കിൽ 24 വോൾട്ട് DC -ക്ക് പകരം 240 വോൾട്ട് AC വൈദ്യുതി വരെ വാഹനങ്ങളിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ കുറക്കുവാനായാണ് ട്രിപ്പ് സ്വിച്ചുകൾ പോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ വാഹനങ്ങളിൽ ഒരുക്കുന്നത്.